തുടർച്ചയായി ചോദിക്കപ്പെടുന്ന ചോദ്യങ്ങൾ

ഞങ്ങളുടെ സ്കൂളിനെയോ കോഴ്സുകളെയോ കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടോ? നിങ്ങളുടെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ ഞങ്ങളുടെ എഫ് എ ക്യു വിഭാഗത്തിലുണ്ട്:

ഓൺലൈൻ സ്കൂളിനെ കുറിച്ചുള്ള ചോദ്യങ്ങൾ

കോഴ്സ് പ്രവേശനത്തെ കുറിച്ചുള്ള ചോദ്യങ്ങൾ

പണമടയ്ക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ

ഒരു കോഴ്സ് എടുക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ

പരീക്ഷകളെ കുറിച്ചുള്ള ചോദ്യങ്ങൾ

സാങ്കേതിക ചോദ്യങ്ങൾ

സഹായ ചോദ്യങ്ങൾ

 


ഓൺലൈൻ സ്കൂളിനെ കുറിച്ചുള്ള ചോദ്യങ്ങൾ

Q.  സ്കൂളിന്റെ ഉദ്ദേശ്യം എന്താണ്?

യേശു തന്റെ ആളുകൾക്ക് ഒരു ലക്ഷ്യം നൽകി: “ആകയാൽ നിങ്ങൾ പുറപ്പെടൂ, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കല്പിച്ചത് ഒക്കെയും പ്രമാണിപ്പിക്കാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ട് സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ“ (മാത്യു 28: 19, 20; എൻ എ എസ് ബി). പഠിക്കാൻ താല്പര്യമുള്ള എല്ലാവർക്കും വിശുദ്ധ ബൈബിൾ പാഠങ്ങൾ നൽകുക എന്നതാണ് ത്രൂ ദ് സ്ക്രിപ്ചേഴ്സിന്റെ ലക്ഷ്യം.

Q. എവിടെയാണ് പഠിപ്പിക്കുന്ന ക്ലാസുകൾ?

കോഴ്സുകൾ വായനയുടെ അടിസ്ഥാനത്തിലുള്ളതും പൂർണമായും ഓൺലൈൻ ആയി നടത്തുന്നവയുമാണ്. നിങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമാണെങ്കിൽ എവിടെയിരുന്നും നിങ്ങൾക്ക് ഈ കോഴ്സുകൾ പഠിക്കാം.

Q. ഈ സ്കൂൾ പ്രചാരകരെ പരിശീലിപ്പിക്കാൻ മാത്രമുള്ളതാണോ?

ദൃഢവും സമഗ്രവുമായ ഒരു ബൈബിൾ അടിത്തറ ഞങ്ങൾ നൽകുന്നുണ്ടെങ്കിലും ത്രൂ ദ് സ്ക്രിപ്ചേഴ്സ് ഒരു പ്രചാരക സ്കൂൾ ആകാൻ ഉദ്ദേശിച്ചുള്ളതല്ല. ദൈവ വചനത്തെ കുറിച്ച് അറിയാനാഗ്രഹിക്കുന്ന ആർക്കും ഉപയോഗിക്കാൻ കഴിയും വിധമാണ് ഈ സ്കൂൾ രൂപകല്പന ചെയ്തിരിക്കുന്നത്.

Q. ഈ കോഴ്സിൽ ചേരാൻ ഞാൻ ഒരു കൃസ്ത്യാനിയോ പ്രത്യേക സമുദാ‍യത്തിലെ അംഗമോ ആകണോ?

ഇല്ല. നിങ്ങൾ പഠിക്കാൻ സന്നദ്ധനായാൽ മാത്രം മതി. “ശ്രവിപ്പാൻ ചെവികളുള്ളവൻ ശ്രവിക്കട്ടേ” (മാത്യു 11:15)

Q. ചോദ്യം: ഏതു സമുദായത്തിലെ രീതികളാണ് ഈ കോഴ്സുകളിൽ പഠിപ്പിക്കുന്നത്?

ഈ കോഴ്സുകളിലൂടെ ഒരു പ്രത്യേക വിഭാഗത്തിന്റെ രീതികളോ കുമ്പസാരമോ വിശ്വാസ പ്രഖ്യാപനമോ പഠിപ്പിക്കുന്നില്ല. “സഹോദരന്മാരേ, നിങ്ങൾ എല്ലാവരും ഒന്നു തന്നേ സംസാരിക്കയും നിങ്ങളുടെ ഇടയിൽ ഭിന്നത ഭാവിക്കാതെ ഏക മനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും വേണം എന്നു ഞാൻ നിങ്ങളെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമം ചൊല്ലി പ്രബോധിപ്പിക്കുന്നു.” (1 കൊറിന്ത്യർ 1:10). ക്രിസ്തുവിന്റെ സഭ ഈ വിഭജനങ്ങളെല്ലാം മാറി സ്വതന്ത്രമാകണമെങ്കിൽ നാം ഒരു പൊതുപ്രമാണത്തിനു ചുറ്റും ഒന്നിക്കണം: അത് ദൈവം നമുക്ക് തന്ന സന്ദേശം തന്നെ. അത്തരം വിഭജനങ്ങൾക്ക് കാരണമാകുന്ന പാരമ്പര്യങ്ങളേയും മാനുഷിക ആവശ്യകതകളേയും മാറ്റി വച്ചുകൊണ്ടാണ് ഈ കോഴ്സുകളുടെ രചയിതാക്കൾ അവ തയാറാക്കിയിട്ടുള്ളത്. ദൈവം ബൈബിളിലൂടെ നൽകിയ സന്ദേശം മാത്രമാണ് അവർ കണക്കിലെടുക്കുന്നത്. “വാക്കുകൾ ഔത്സുക്യത്തോടെ സ്വീകരിക്കുകയും അവ ശരിയോ എന്നറിയാൻ ദിനേന ഗ്രന്ഥങ്ങൾ തിരയുകയും ചെയ്ത“ കുലീനരായ ബെറിയൻസിനെ പോലെയാകാൻ ഞങ്ങൾ നിങ്ങളോട് അഭ്യർഥിക്കുന്നു. (അപ്പോസ്തല പ്രവൃത്തികൾ 17:11).

Q. ത്രൂ ദ് സ്ക്രിപ്ചേഴ്സ് ഒരു അംഗീകാരമുള്ള സ്കൂൾ ആണോ?

ത്രൂ ദ് സ്ക്രിപ്ചേഴ്സ് ഒരു അംഗീകൃത സ്ഥാപനമല്ല. എന്നിരുന്നാലും ബൈബിളിനെ കുറിച്ചുള്ള ആഴമേറിയ അറിവ് ആവശ്യപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന എവിടെയും ബൈബിൾ മുഴുവൻ പഠിച്ചു പൂർത്തിയാക്കിയെന്ന സാ‍ക്ഷ്യപത്രത്തിന് മുന്തിയ ആദരവു ലഭിക്കും.

Q. ത്രൂ ദ് സ്ക്രിപ്ചേഴ്സ് കോഴ്സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നൽകുന്നുണ്ടോ?

ഒരു കോഴ്സ് ഗ്രൂപ്പിലെ ഓരോ കോഴ്സ് പൂർത്തിയാകുമ്പോഴും സർട്ടിഫിക്കറ്റുകൾ നൽകും. ഒരു കോഴ്സ് ഗ്രൂപ്പിന് ഉദാഹരണം പുതിയ നിയമത്തിന്റെ ചരിത്രമാണ്. ഇതിൽ ക്രിസ്തുവിന്റെ ജീവിതം,1; ക്രിസ്തുവിന്റെ ജീവിതം, 2; മാത്യു 1-13, മാത്യു 14-28, മാർക്ക്; ലൂക്ക് 1:1-9:50; ലൂക്ക് 9:51- 24:53; ജോൺ 1-10; ജോൺ 11-21, അപ്പോസ്തല പ്രവൃത്തികൾ 1-14, അപ്പോസ്തല പ്രവൃത്തികൾ 15-28 എന്നിവയാണ് ഉൾപ്പെടുന്നത്. ഗ്രൂപ്പ് കോഴ്സുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സെമസ്റ്റർ സ്റ്റഡീസ് പേജ് കാണുക.

Q. ത്രൂ ദ് സ്ക്രിപ്ചേഴ്സ് വൈദിക ലൈസൻസ് നൽകുന്നുണ്ടോ?

ബൈബിൾ പ്രചരിപ്പിക്കാൻ ലൈസൻസ് ഒന്നും ആവശ്യമില്ല. ത്രൂ ദ് സ്ക്രിപ്ചേഴ്സ് വൈദിക വൃത്തിക്കുള്ള സാക്ഷ്യപത്രം നൽകുന്നുമില്ല. ദൈവത്തിന്റെ സേവനത്തിന് ഒരുവനെ പ്രാ‍പ്തനാക്കുന്നത് ബൈബിൾ തന്നെയാണ്, അതു മാത്രമാണ് ഞങ്ങൾ പഠിപ്പിക്കുന്നതും. “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യർ സകല സൽ പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകുന്നു. ഉപദേശനത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളതു ആകുന്നു.” (2 തീമോഥെയൊസ് 3:16, 17).

Q. മറ്റു കോഴ്സുകൾ ഇവിടെ ലഭ്യമാണോ?

പുതിയ കോഴ്സുകൾ ലഭ്യമാകുമ്പോൾ അവയും കൂട്ടിച്ചേർക്കും. ഞങ്ങൾ നിലവിൽ നൽകുന്ന കോഴ്സുകളിലെ അതേ വിശദാംശങ്ങളോടെ ബൈബിൾ മുഴുവൻ പഠിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഏറ്റവും കുറഞ്ഞ ലക്ഷ്യം.

Q. ഈ സ്കൂൾ മറ്റു ഭാഷകളിൽ ലഭ്യമാണോ?

ത്രൂ ദ് സ്ക്രിപ്ചേഴ്സ് ഇരുപത്തിമൂന്ന് ഭാഷകളിൽ ലഭ്യമാണ്! ഇംഗ്ലീഷിനു പുറമേ അറബിക്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, ജർമൻ, ഗുജറാത്തി, ഹിന്ദി, ഇൻഡോനേഷ്യൻ, ജാപ്പാനീസ്, കന്നഡ, കൊറിയൻ, മലയാളം, മറാത്തി, നേപ്പാളി, പോർച്ചുഗീസ്, പഞ്ചാബി, റഷ്യൻ, സ്പാനിഷ്, തമിഴ്, ഉറുദു, വിയറ്റ്നാമീസ്. ഇംഗ്ലീഷിൽ ലഭിക്കുന്ന എല്ലാ കോഴ്സുകളും ആദ്യഘട്ടത്തിൽ മറ്റ് ഭാഷകളിൽ ലഭിക്കില്ല. ഓരോ കോഴ്സും വിവർത്തനം ചെയ്യാൻ കുറച്ച് സമയം വേണ്ടി വരും. ക്രമേണ മുഴുവൻ കോഴ്സുകളും ഈ ഭാഷകളിലെല്ലാം ലഭ്യമാകും.

Q. ഞങ്ങളുടെ സഭക്ക് ഈ സ്കൂൾ എങ്ങനെ ഉപയോഗിക്കാനാവും?

ഒരു പരിപാടിയുടെ ഫലപ്രാപ്തിക്ക് പഠനത്തിന്റെ പ്രാദേശിക സംഘങ്ങളെന്ന ഘടകം വളരെ പ്രധാനമാ‍കാം. അതിനാൽ നിങ്ങളുടെ ഇടവകയിൽ ഒരു പ്രാദേശിക ത്രൂ ദ് സ്ക്രിപ്ചേഴ്സ് സ്കൂൾ ആരംഭിക്കാനുള്ള മാർഗങ്ങൾക്ക് എങ്ങനെ ഒരു സ്കൂൾ തുടങ്ങാം എന്ന പേജ് കാണുക.

Q. ത്രൂ ദ് സ്ക്രിപ്ചേഴ്സ് ഓൺലൈൻ സ്കൂളിനു പിന്നിൽ ആരെല്ലാമാണ്?

ആർക്കൻസാസിലെ സേഴ്സിയിൽ സ്ഥിതി ചെയ്യുന്നതും സുവിശേഷ ലോകത്തിൽ അർപ്പിക്കപ്പെട്ടതുമായ ഒരു ബഹുമുഖ, ലാഭേച്ഛയില്ലാത്ത ട്രൂത്ത് ഫോർ ടുഡേ , എന്ന സംഘടനയുടെ ഒരു പ്രവർത്തനമാണ് ത്രൂ ദ് സ്ക്രിപ്ചേഴ്സ്.

Q. ആരെല്ലാമാണ് കോഴ്സിന്റെ രചയിതാക്കൾ?

ബൈബിൾ പഠിപ്പിക്കാൻ ജീവിതം ഉഴിഞ്ഞു വച്ചിട്ടുള്ളവരെ കുറിച്ചറിയാൻ ഞങ്ങളുടെ രചയിതാക്കളെ കുറിച്ച് എന്ന പേജ് സന്ദർശിക്കുക.


കോഴ്സ് പ്രവേശനത്തെ കുറിച്ചുള്ള ചോദ്യങ്ങൾ

Q. ഈ സ്കൂളിൽ ഒരു കോഴ്സിൽ ചേരാൻ എന്തെല്ലാമാണ് ആവശ്യം?

പ്രത്യേക നിബന്ധനകളൊന്നുമില്ല. ഞങ്ങളുടെ കോഴ്സുകളിൽ ആർക്കും പങ്കെടുക്കാം.

Q. എനിക്ക് ഏതെല്ലാം കോഴ്സിൽ ചേരാം?

ലഭ്യമായ കോഴ്സുകളിൽ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാൻ നിങ്ങൾക്ക് സാധിക്കും. ഇപ്പോൾ നിങ്ങൾക്ക് ബൈബിളിലെ ഏതെങ്കിലും ഒരു പുസ്തകം പഠിക്കാൻ പ്രത്യേക പദ്ധതിയില്ലെങ്കിൽ ക്രിസ്തുവിന്റെ ജീവിതം, 1 തൊട്ട് തുടങ്ങാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.

Q. ഓരോ കോഴ്സിന്റെയും ദൈർഘ്യം എത്ര?

ഓരോ കോഴ്സും തീർക്കാൻ നിങ്ങൾക്ക് നിങ്ങൾ കോഴ്സിൽ ചേരുന്ന നിമിഷം മുതൽ 50 ദിവസം വരെ സമയം ലഭിക്കും.

Q. കോഴ്സുകൾ എപ്പോൾ ആരംഭിക്കും?

ഞങ്ങളുടെ നിർദ്ദിഷ്ട സെമസ്റ്റർ/ ക്വാർട്ടർലി ഷെഡ്യൂളുകളിൽ നിന്ന് ഒരെണ്ണം നിങ്ങൾക്ക് തെരഞ്ഞെടുക്കാമെന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നുണ്ടെങ്കിലും (കൂടുതൽ വിവരങ്ങൾക്ക് സെമസ്റ്റർ സ്റ്റഡീസ് കാണുക) എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഒരു കോഴ്സ് തുടങ്ങാം. നിങ്ങൾ ഒരു പഠന സംഘത്തിന്റെയോ പ്രാദേശിക ടി ടി എസ് സ്കൂളിന്റെയോ ഭാഗമാണെങ്കിൽ മറ്റ് ഗ്രൂപ്പംഗങ്ങളുമായി ആലോചിച്ച് ഒന്നിച്ച് ഒരേ സമയം പ്രവേശിക്കാം.

Q. ഒരു കോഴ്സ് മാത്രം എനിക്ക് എടുക്കാനാവുമോ?

കഴിയും. നിങ്ങൾ ആരംഭിച്ചു കഴിഞ്ഞാൽ മറ്റു കോഴ്സുകളും ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൂടി തീരുമാനം എടുക്കേണ്ടത് നിങ്ങളാണ്. നിങ്ങളെ ഏതെങ്കിലും കോഴ്സിൽ സ്വയമേവ പ്രവേശിപ്പിക്കുകയോ പണമീടാക്കുകയോ ചെയ്യില്ല.

Q. ഒരു സമയം ഒന്നിലധികം കോഴ്സ് ചെയ്യാമോ?

ഒരു സമയത്ത് ഒരു കോഴ്സ് മാത്രം ചെയ്യാനേ ഞങ്ങളുടെ വ്യവസ്ഥ നിങ്ങളെ അനുവദിക്കുന്നുള്ളൂ. എന്നിരുന്നാലും നിലവിലെ കോഴ്സ് കാലാവധി കഴിയാൻ നിങ്ങൾ 50 ദിവസം മുഴുവൻ പ്രവർത്തിക്കണമെന്നില്ല. ഒരു കോഴ്സ് പൂർത്തിയാക്കിയാൽ നിങ്ങൾക്ക് അടുത്തതിലേക്ക് മാറാം.

Q. എനിക്ക് പ്രത്യേകം ടെക്സ്റ്റു ബുക്കുകളോ മറ്റു സാധനങ്ങളോ വേണ്ടി വരുമോ?

കോഴ്സിനു നിങ്ങൾക്ക് ആവശ്യമായി വരുന്നതെല്ലാം നൽകും. നിങ്ങൾക്ക് ഇന്റർനെറ്റുമായി ബന്ധപ്പെടാനുള്ള സൌകര്യവും പഠിക്കാനുള്ള മനസ്സും മാത്രം മതി. കൈവശം ബൈബിളിന്റെ ഒരു കോപ്പി ഉണ്ടാകുന്നത് വളരെ നല്ലതാണ്. പക്ഷേ ഓരോ പാഠത്തിലും വേദപുസ്തകത്തിന്റെ പഠന വിധേയമാകുന്ന ഭാഗം ഉൾപ്പെടുത്തിയിരിക്കും.

Q. പേഴ്സണൽ ചോയ്സും സെമസ്റ്റർ സ്റ്റഡീസും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഏത് കോഴ്സ് എടുക്കണമെന്ന് അറിവുള്ള, കോഴ്സുകൾ ഏത് ക്രമത്തിൽ ചെയ്യണമെന്ന് സ്വയം തീരുമാനിക്കുന്ന വ്യക്തികൾക്ക് വേണ്ടിയാണ് പേഴ്സണൽ ചോയ്സ് ഓപ്ഷൻ. ബൈബിൾ മുഴുവനും ഘട്ടം ഘട്ടമായി പഠിക്കാൻ ഒരു ചിട്ടയുള്ള രീതി പിന്തുടരാൻ ആഗ്രഹിക്കുന്ന വ്യക്തിയെ ഉദ്ദേശിച്ചുള്ളതാണ് സെമസ്റ്റർ സ്റ്റഡീസ്. പേഴ്സണൽ സ്റ്റഡീസിൽ ആദ്യത്തെ കോഴ്സ് നിങ്ങൾക്ക് തെരഞ്ഞെടുക്കാം, സെമസ്റ്റർ സ്റ്റഡീസിൽ നിങ്ങളുടെ ആദ്യ കോഴ്സ് ഞങ്ങൾ നിശ്ചയിക്കുന്നു എന്ന വ്യത്യാസമേ ഉള്ളൂ. ബാക്കിയെല്ലാ കാര്യത്തിലും അവ സാങ്കേതികമായി സമാനമാണ്. വിവിധ ആവശ്യമുള്ള ആൾക്കാർക്ക് ഈ സ്കൂൾ എന്തുകൊണ്ട് ഉപകാരപ്രദമാകുമെന്ന് വിശദീകരിക്കാൻ വേണ്ടിയാണ് രണ്ടു തരം ശുപാർശകളുള്ള രണ്ടു സാധ്യതകൾ ഞങ്ങൾ അവതരിപ്പിക്കുന്നത്.

Q. പേഴ്സണൽ ചോയ്സിനു കീഴിൽ ഒരു കോഴ്സ് തുടങ്ങിയ ശേഷം പിന്നീട് എനിക്ക് സെമസ്റ്റർ സ്റ്റഡീസിലേക്ക് മാറാമോ?

മാറേണ്ട ആവശ്യം വരുന്നേയില്ല. നിങ്ങൾ ഒരു കോഴ്സ് പൂർത്തിയാക്കി കഴിഞ്ഞാൽ അടുത്ത കോഴ്സ് സ്കൂൾ നിർദ്ദേശിക്കും. അതല്ലാതെ ഒരു കോഴ്സാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ അത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ടാവും. ഇവയിൽ ഏത് കോഴ്സ് ചെയ്താലും ഒരു കോഴ്സ് ഗ്രൂപ്പിലെ എല്ലാ കോഴ്സുകളും പൂർത്തിയാക്കിയാൽ നിങ്ങൾക്ക് ഒരു സാക്ഷ്യപത്രം ലഭിക്കും.

Q. സെമസ്റ്റർ സ്റ്റഡീസ് ആണ് ഞാൻ തുടങ്ങുന്നതെങ്കിൽ ഓർഡറിനു പുറത്തുള്ള മറ്റൊരു കോഴ്സ് എനിക്ക് എടുക്കാനാവുമോ?

കഴിയും. നിങ്ങൾ ഒരു കോഴ്സ് പൂർത്തിയാക്കി കഴിഞ്ഞാൽ അടുത്ത കോഴ്സ് സ്കൂൾ നിർദ്ദേശിക്കും. അതല്ലാതെ ഒരു കോഴ്സാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ അത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ടാവും. തീരുമാനം എപ്പോഴും നിങ്ങളുടേതാണ്.

Q. ഏത് സെമസ്റ്റർ/ ക്വാർട്ടർ ആണ് ഞാൻ പിന്തുടരേണ്ടതെന്ന് എനിക്ക് തീരുമാനിക്കാമോ?

സെമസ്റ്റർ-ക്വാർട്ടർലി ഷെഡ്യൂളുകൾ (സെമസ്റ്റർ സ്റ്റഡീസ് പേജിൽ നൽകിയിരിക്കുന്ന) നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം പിന്തുടരാവുന്ന ശുപാർശകളാണ്. വെബ്സൈറ്റിലെ ഒരെണ്ണം നിങ്ങൾ തെരഞ്ഞെടുക്കേണ്ട ആവശ്യമില്ല.

Q. 50 ദിവസത്തിനുള്ളിൽ കോഴ്സ് പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞില്ലെങ്കിൽ?

50 ദിവസം കൊണ്ട് നിങ്ങൾ കോഴ്സ് പൂർത്തിയാക്കുന്നില്ലെങ്കിൽ കുറഞ്ഞ ചെലവിൽ നിങ്ങൾക്ക് 30 ദിവസം കൂടി നീട്ടി വാങ്ങാം. ആദ്യത്തെ 50 ദിവസങ്ങൾ കഴിഞ്ഞാലേ അധിക ദിനങ്ങൾ വാങ്ങാനാകൂ. ഓരോ കോഴ്സിനും എത്ര തവണ വേണമെങ്കിലും അധിക ദിനങ്ങൾ ലഭിക്കും.

Q. ഞാൻ കോഴ്സ് പൂർത്തിയാക്കും മുൻപ് കോഴ്സ് ആക്സസ് കാലാവധി കഴിഞ്ഞാൽ? ബാക്കിയുള്ളത് പൂർത്തിയാക്കാൻ എനിക്ക് തിരികെ വരാമോ?

കോഴ്സ് പൂർത്തിയായി കുറച്ച് സമയം കഴിഞ്ഞാലും 30 ദിവസത്തെ അധിക കാലയളവ് നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ വിട്ടു പോയിടത്തു നിന്ന് കോഴ്സ് തുടരാം.


പണമടയ്ക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ

Q. ഒരു കോഴ്സിൽ ചേരാൻ ഞാൻ പണം നൽകണോ?

അതേ. ബൈബിൾ പഠനത്തിലും സുവിശേഷ പ്രവർത്തനത്തിനും സമർപ്പിതമായ ലാഭേച്ഛയില്ലാത്ത ട്രൂത്ത് ഫോർ ടുഡേയുടെ, ഒരു സംരംഭമാണ് സ്ക്രിപ്ചേഴ്സ് എങ്കിലും ഇത്രയും ബ്രഹത്തായ ഒരു പരിപാടി തയാറാക്കുമ്പോൾ അതിനു ഗണ്യമായ ചെലവുകളുമുണ്ടാകും. ഓരോ കോഴ്സിനും പണം നൽകുക വഴി ഈ പരിപാടി നിലനിർത്താനും ഇതിനെ പിന്തുണയ്ക്കാനും പുതിയ മെറ്റീരിയലുകൾ നിർമ്മിക്കാനും മറ്റ് ഭാഷകളിലെ ആളുകൾക്കും ഈ മഹത്തായ കോഴ്സുകൾ പഠിക്കാനുള്ള സൌകര്യത്തിനായി അവ വിവർത്തനം ചെയ്യാനും നിങ്ങൾ ഞങ്ങളെ സഹായിക്കുകയാണ്.

Q. ഒരു കോഴ്സിൽ ചേരാൻ എന്താണ് ചെലവ്?

“പ്രവേശിക്കുക” എന്ന ബട്ടണിന്റെ അടുത്തു തന്നെ ഓരോ കോഴ്സിന്റെയും ഫീസ് എഴുതിയിട്ടുണ്ട്. നിങ്ങൾ കാണുന്ന തുകയാണ് ഞങ്ങൾ ഈടാക്കുന്നത്. ഓരോ കോഴ്സിനുമുള്ള ഒറ്റ ഫീസ് അല്ലാതെ മറ്റൊരു ഫീസും ഞങ്ങൾ ഈടാക്കില്ല. നിങ്ങൾ ലോകത്തിന്റെ ഏതു കോണിൽ നിന്നാണ് ഞങ്ങളുടെ സൈറ്റ് ലഭ്യമാക്കുന്നത് എന്നതനുസരിച്ച് തുകയിലും വ്യത്യാസം വരും. ഓരോ രാജ്യത്തിന്റെയും ശരാശരി സാമ്പത്തിക വരുമാനം കണക്കിലെടുത്താണ് ഞങ്ങൾ ഫീസ് നിശ്ചയിച്ചിട്ടുള്ളത്. ഇതു മൂലം ബൈബിൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ ഒരു സാമ്പത്തിക തടസ്സം ഉണ്ടാവില്ലെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു. ഇക്കാര്യത്തിൽ നിങ്ങളുടെ ധാരണയെ ഞങ്ങൾ അനുമോദിക്കുന്നു.

Q. ഓരോ കോഴ്സിനും ഞാൻ എപ്പോളാണ് പണം നൽകേണ്ടത്?

കോഴ്സിൽ പ്രവേശിക്കാൻ നിങ്ങൾ സന്നദ്ധരാകുമ്പോൾ ഓരോ കോഴ്സിന്റെയും പണം നിങ്ങൾ അടയ്ക്കണം. മറ്റ് കോഴ്സുകൾക്ക് നിങ്ങളെ സ്വയമേവ പ്രവേശിപ്പിക്കുകയോ പണമീടാക്കുകയോ ചെയ്യില്ല.

Q. ഏതെല്ലാം പണമടക്കൽ രീതികളാണ് ലഭ്യമായിട്ടുള്ളത്?

വിസ, മാസ്റ്റർ കാർഡ്, അമേരിക്കൻ എക്സ്പ്രസ്, ജെ സി ബി, ഡിസ്കവർ, ഡൈനേഴ്സ് ക്ലബ് എന്നിവ ഞങ്ങൾ സ്വീകരിക്കുന്നു. നിങ്ങളുടെ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡിൽ ഇനിപ്പറയുന്ന ലോഗോകളിൽ ഒന്ന് ഉണ്ടെങ്കിൽ അവ ഞങ്ങളുടെ കോഴ്സിൽ പ്രവേശിക്കാൻ ഉപയോഗിക്കാം:

visa master card amex jcb discover diners

Q. യു എസ് ഡോളർ അല്ലാത്ത കറൻസിയാണ് ഞാൻ ഉപയോഗിക്കുന്നതെങ്കിലും എനിക്ക് എന്റെ ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉപയോഗിക്കാമോ?

മിക്ക ബാങ്കുകളും ക്രെഡിറ്റ് കാർഡ് കമ്പനികളും വിദേശ നാണ്യത്തിൽ വാങ്ങലുകൾ നടത്താൻ നിങ്ങളെ അനുവദിക്കാറുണ്ട്. നിങ്ങളുടെ കറൻസിയിൽ ഈ തുക നിങ്ങളുടെ കാർഡിൽ ചാർജു ചെയ്യുകയും ചെയ്യും. കറൻസി എക്സ്ചേഞ്ചിന് നിങ്ങളുടെ കാർഡ് ഒരു ചെറിയ ഫീസ് ഈടാക്കാൻ സാധ്യതയുണ്ടെന്ന കാര്യം അറിഞ്ഞിരിക്കുക.


ഒരു കോഴ്സ് എടുക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ

Q. ഞാൻ ഒരു കോഴ്സ് എടുക്കുമ്പോൾ എനിക്ക് എന്ത് പ്രതീക്ഷിക്കാൻ കഴിയും?

കോഴ്സുകൾ വായനാധിഷ്ഠിതമാണ്. പാ‍ഠം എന്ന് ഞങ്ങൾ വിളിക്കുന്ന ഡിജിറ്റൽ പാഠപുസ്തകങ്ങളെ കേന്ദ്രീകരിച്ചാണ് കോഴ്സുകൾ നടക്കുന്നത്. കോഴ്സ് പൂർത്തിയാക്കാൻ നിങ്ങൾക്ക് 50 ദിവസം ലഭിക്കും. പക്ഷേ ഏതു വേഗതയിലാണ് നിങ്ങൾ മുന്നോട്ടു പോകുന്നതെന്നത് നിങ്ങളുടെ തീരുമാനമാണ്. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ സാമ്പിൾ കോഴ്സ് ഉള്ളടക്കം പേജ് കാണുക.

Q. കോഴ്സ് ഉള്ളടക്കത്തിന്റെ സാമ്പിളുകൾ ഉണ്ടോ?

ഉണ്ട്! ഞങ്ങളുടെ സാമ്പിൾ കോഴ്സ് ഉള്ളടക്കം പേജ് നോക്കൂ.

Q. ഏതൊക്കെയാണ് പാഠങ്ങൾ?

ട്രൂത്ത് ഫോർ ടുഡേ കമന്ററി സീരീസിലെ വോള്യങ്ങളിൽ ഒന്നായിരിക്കും പി ഡി എഫ് രൂപത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന ഡിജിറ്റൽ പാഠപുസ്തകം. അച്ചടിച്ചാൽ 350 മുതൽ 700 വരെ പേജുകൾ വരുന്ന ഈ പുസ്തകങ്ങളിൽ ബൈബിൾ വചനങ്ങളുടെ വിശദീകരണവും പ്രയോഗവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വരാനിരിക്കുന്ന വർഷങ്ങളിൽ നിങ്ങളുടെ ലൈബ്രറിയുടെ അമൂല്യമായൊരു ഭാഗമാകും ഈ പാഠപുസ്തകങ്ങൾ.

Q. ഓരോ കോഴ്സിന്റെയും അവസാനം പാഠപുസ്തകം ഞാൻ എന്തു ചെയ്യണം?

കോഴ്സ് സമയത്ത് നിങ്ങൾക്ക് ലഭിച്ച പാഠങ്ങളും ഡൌൺലോഡ് ചെയ്യാവുന്ന മറ്റ് മെറ്റീരിയലുകളും നിങ്ങൾക്ക് സൂക്ഷിച്ചു വയ്ക്കുകയും കോഴ്സ് കഴിഞ്ഞും ഉപയോഗിക്കുകയും ചെയ്യാം. ഓരോ കോഴ്സും കഴിയും മുൻപ് ഈ ഫയലുകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ മറക്കാതെ സേവ് ചെയ്യുക.

Q. പാഠത്തിന്റെ പ്രിന്റു ചെയ്ത കോപ്പി കിട്ടുമോ?

പാഠത്തിന്റെ ഹാർഡ്ബാക്ക് പ്രിന്റഡ് കോപ്പികൾ ഇംഗ്ലീഷിൽ മാത്രം ലഭ്യമാണ്. ഇംഗ്ലീഷിൽ ഈ കോഴ്സ് ചെയ്യുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിലെ വിദ്യാർഥികൾക്ക് ഡിജിറ്റൽ കോപ്പിക്കു പുറമേ ഒരു പ്രിന്റഡ് ബുക്കും ലഭിക്കും. കോഴ്സിന് യു എസ്സിൽ ഈടാക്കുന്ന തുകയിൽ അച്ചടിച്ച പുസ്തകത്തിന്റെ വിലയും ഷിപ്പിങ് ചെലവുകളും ഉൾപ്പെടുത്തിയിരിക്കും. കോഴ്സിൽ ചേരുമ്പോൾ ഷിപ്പിങ് വിലാസം നൽകാൻ നിങ്ങളോട് ആവശ്യപ്പെടും.

കോഴ്സിന്റെ 50 ദിവസങ്ങൾ നിങ്ങൾ പ്രവേശിക്കുമ്പോൾ തന്നെ തുടങ്ങുമെന്ന് ഓർക്കുക. അതു കൊണ്ട് പഠിത്തം തുടങ്ങാൻ പ്രിന്റഡ് കോപ്പി വരും വരെ കാത്തു നിൽക്കരുത്.

ഉയർന്ന ഷിപ്പിങ് ചെലവുകൾ കാരണം യുണൈറ്റഡ് സ്റ്റേറ്റ്സിനു പുറത്തുള്ള വിദ്യാ‍ർഥികൾക്ക് ഡിജിറ്റൽ പാഠപുസ്തകം മാത്രമേ ലഭിക്കൂ. ഷിപ്പിങ് ചെലവ് എത്രയായാലും ഇംഗ്ലീഷിലെ പ്രിന്റഡ് കോപ്പി വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ staff@resourcepublications.net എന്ന വിലാസത്തിൽ ഒരു ഇമെയിൽ അയച്ചോ 1-501-305-1472 എന്ന നമ്പരിൽ വിളിച്ചോ (ഫോൺ നമ്പരിന്റെ തുടക്കത്തിൽ നിങ്ങളുടെ രാജ്യത്തിന്റെ എക്സിറ്റ് കോഡ് ചേർക്കുക) റിസോഴ്സ് പബ്ലിക്കേഷൻസുമായി ബന്ധപ്പെടാവുന്നതാണ്.

Q. പാഠത്തിന്റെ പ്രിന്റു ചെയ്ത കോപ്പി എനിക്ക് തന്നെ എടുക്കാമോ?

പാഠത്തിന്റെ ഒരു കോപ്പി സ്വന്തം ആവശ്യത്തിനായി നിങ്ങൾക്ക് പ്രിന്റ് എടുക്കാം. എന്നാൽ പാഠം മറ്റൊരാൾക്ക് പകർത്തി നൽകുകയോ കൈമാറുകയോ ചെയ്യരുത്. ഓരോ പാഠവും നൂറു കണക്കിനു പേജുകൾ ഉള്ളവ ആയതിനാൽ സ്വയം പ്രിന്റ് ചെയ്യാൻ ധാരാളം മഷിയും പേപ്പറും വേണ്ടി വരും.

Q. എങ്ങനെയാണ് കോഴ്സുകൾ ഗ്രേഡ് ചെയ്യുന്നത്?

5 സെക്ഷൻ ടെസ്റ്റുകളും ഒരു അന്തിമവും സമഗ്രവുമായ പരീക്ഷയും മുഖേന കോഴ്സിലെ നിങ്ങളുടെ പുരോഗതി വിലയിരുത്തും. എല്ലാ ആറ് ടെസ്റ്റുകളുടെയും ശരാശരി ആയിരിക്കും നിങ്ങളുടെ അന്തിമ കോഴ്സ് ഗ്രേഡ്.

Q. എന്റെ ഗ്രേഡുകളുടെ ഒരു പകർപ്പ് ഉണ്ടാകുമോ?

ഉവ്വ്. നിങ്ങൾ സൈറ്റിൽ ലോഗിൻ ചെയ്താൽ വെബ് പേജിന്റെ മുകളിൽ വലതുവശത്തായി മൈ അക്കൌണ്ട് മെനുവിൽ മൈ ഗ്രേഡ്സ് കാണാനാകും.

Q. എനിക്ക് മറ്റു വിദ്യാർഥികളുമായി എങ്ങനെ ഇടപെടാനാവും?

വെബ്സൈറ്റിലൂടെ മറ്റ് വിദ്യാർഥികളുമായി ആശയവിനിമയം നടത്താൻ നിങ്ങൾക്ക് കഴിയില്ല. എന്നിരുന്നാലും ഒരു പ്രാദേശിക ടി ടി എസ് സ്കൂളോ പഠന സംഘമോ വഴി മറ്റ് വിദ്യാർഥികൾക്കൊപ്പം ചേരുന്നതിന് ഞങ്ങൾ എല്ലാ പ്രോത്സാഹനവും നൽകും. ടിപ്സിനും നിർദ്ദേശങ്ങൾക്കുമായി ഒരു സ്കൂൾ എങ്ങനെ ആരംഭിക്കാം എന്ന ഭാഗം കാണുക.


പരീക്ഷകളെ കുറിച്ചുള്ള ചോദ്യങ്ങൾ

Q. എത്ര പരീക്ഷകൾ ഉണ്ട്?

അഞ്ച് സെക്ഷൻ ടെസ്റ്റുകളും ഒരു അന്തിമവും സമഗ്രവുമായ പരീക്ഷയുമാണ് ഓരോ കോഴ്സിനും ഉണ്ടാവുക.

Q. ഓരോ പരീക്ഷയും ഞാൻ എപ്പോഴാണ് എഴുതേണ്ടത്?

പരീക്ഷ എഴുതാൻ നിശ്ചിത സമയമൊന്നുമില്ല. ഓരോ ഭാഗത്തെയും മെറ്റീരിയൽ വായിച്ചു പഠിച്ച് തയാറെടുത്ത ശേഷം എപ്പോൾ വേണമെങ്കിലും പരീക്ഷ എഴുതാം. ആറു പരീക്ഷകളും എഴുതാൻ 50 ദിവസമാണുണ്ടാവുക. ഈ സമയത്തിനുള്ളിൽ എല്ലാ ആറ് പരീക്ഷയും നിങ്ങൾ എഴുതുന്നു എന്നുറപ്പാക്കാൻ ഞങ്ങൾ ഒരു വേഗതാ ഗൈഡ് നൽകും.

Q. ഓരോ പരീക്ഷയിലും എത്ര ചോദ്യങ്ങളുണ്ടാവും?

വരാൻ സാധ്യതയുള്ള ചോദ്യങ്ങളുടെ ഒരു വലിയ ശേഖരത്തിൽ നിന്ന് ക്രമമൊന്നുമില്ലാതെ തെരഞ്ഞെടുക്കുന്ന 50 ചോദ്യങ്ങളാവും ഓരോ പരീക്ഷയിലും ഉണ്ടാവുക.

Q. എന്തു തരം ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാവുക?

ശരിയായ ഉത്തരം തെരഞ്ഞെടുത്ത് എഴുതാനും ശരിയോ/ തെറ്റോ എന്നു പറയാനുമുള്ള ചോദ്യങ്ങളാവും പരീക്ഷയിൽ ഉണ്ടാവുക. ശരിയായി ഉത്തരം തെരഞ്ഞെടുക്കാനുള്ള ചോദ്യങ്ങളിൽ ഞങ്ങൾ ചോദ്യം നൽകുകയും നിരവധി ഓപ്ഷനുകളിൽ നിന്ന് ശരിയായ ഉത്തരം തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയും ചെയ്യും. ശരിയോ/ തെറ്റോ എന്ന ചോദ്യങ്ങളിൽ ഞങ്ങൾ ഒരു പ്രസ്താവന നടത്തിയ ശേഷം നിങ്ങൾ പഠിച്ചത് അനുസരിച്ച് അത് ശരിയോ തെറ്റോ എന്ന് പറയാൻ ആവശ്യപ്പെടും. സാമ്പിൾ ചോദ്യങ്ങൾക്കായി സാമ്പിൾ കോഴ്സ് ഉള്ളടക്കം പേജ് നോക്കുക.

Q. പരീക്ഷയ്ക്ക് ഏതു മെറ്റീരിയലിനെ കുറിച്ചാവും ചോദ്യങ്ങൾ?

ഓരോ ഭാഗത്തും നിങ്ങൾ വായിക്കേണ്ട പേജുകൾ ഞങ്ങൾ നിർദ്ദേശിക്കുകയും ആ പേജുകളിൽ നിന്ന് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യും. “പ്രയോഗം” “കൂടുതൽ പഠനങ്ങൾക്ക്” എന്നിങ്ങനെ അധിക വായനക്ക് നൽകിയ ഭാഗങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാവില്ല. കമന്ററി പാഠപുസ്തകമല്ലാത്ത കോഴ്സ് മെറ്റീരിയലുകളിൽ നിന്നും ചോദ്യങ്ങൾ എടുക്കില്ല. സമഗ്ര പരീക്ഷയും അഞ്ച് സെക്ഷൻ ടെസ്റ്റുകളുടെ അതേ മെറ്റീരിയൽ ആയിരിക്കും ഉപയോഗിക്കുക.

Q. എങ്ങനെയാകും പരീക്ഷകളുടെ ഗ്രേഡിങ്?

നിങ്ങൾ പരീക്ഷ പൂർത്തിയാക്കി “ഉത്തരങ്ങൾ സമർപ്പിക്കുക” എന്ന് ക്ലിക്ക് ചെയ്താലുടൽ അത് ഗ്രേഡ് ചെയ്യപ്പെടും.

Q. ഏതൊക്കെ പരീക്ഷാ ചോദ്യങ്ങളാണ് ഞാൻ വിട്ടുപോയതെന്ന് എനിക്ക് കാണാനാവുമോ?

കഴിയും. നിങ്ങൾ വിട്ടുപോയ ചോദ്യങ്ങൾ ഞങ്ങൾ തിരിച്ചറിയുന്നു, കാരണം ഇത് നിങ്ങൾക്ക് പഠിക്കാനുള്ള ഒരു മഹത്തായ അവസരമാണ്. ഉത്തരം കണ്ടു പിടിക്കാവുന്ന പാഠഭാഗത്തിലേക്ക് തിരികെ പോയി ആ അവസരം വിനിയോഗിക്കുക. ഇതേ ചോദ്യം സമഗ്ര പരീക്ഷയ്ക്കും വന്നേക്കാമെന്ന് ഓർക്കുക.

Q. പരീക്ഷകൾക്ക് നിശ്ചിത സമയമുണ്ടോ?

ഇല്ല. ആവശ്യത്തിനു സമയമെടുത്ത് ഓരോ ചോദ്യവും വായിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

Q. പരീക്ഷയിൽ പങ്കെടുക്കാൻ എന്നെ സഹായിക്കുന്നതിന് ഒരു പഠന ഗൈഡ് ഉണ്ടാകുമോ?

അതേ. ടെസ്റ്റിന് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന പദങ്ങളും ആശയങ്ങളും ഉൾപ്പെടുന്ന അഞ്ച് പഠന ഗൈഡുകളുണ്ട്. സമഗ്ര പരീക്ഷയ്ക്ക് ഒരുങ്ങും മുൻപ് എല്ലാ അഞ്ച് പഠന ഗൈഡുകളും നിങ്ങൾ പഠിക്കണം. സാമ്പിൾ പഠന ഗൈഡ് കാണാൻ സാമ്പിൾ കോഴ്സ് ഉള്ളടക്കം പേജ് നോക്കുക.

Q. പരീക്ഷ എഴുതുമ്പോൾ എന്റെ ബൈബിളോ നോട്ട്സോ മറ്റ് സഹായങ്ങളോ എനിക്ക് ഉപയോഗിക്കാമോ?

പാടില്ല. നിങ്ങൾ നിങ്ങളുടെ ബൈബിളും കുറിപ്പുകളും പഠന മെറ്റീരിയലുകളും പരീക്ഷ തുടങ്ങും മുൻപ് മാറ്റി വയ്ക്കണം.

Q. അടുത്ത ഭാഗത്തേക്ക് പോകണമെങ്കിൽ ഞാൻ പരീക്ഷയ്ക്ക് എത്ര സ്കോർ നേടണം?

കോഴ്സിന്റെ അടുത്ത ഭാഗത്തേക്ക് പോകാൻ കുറഞ്ഞത് 70% എങ്കിലും വിദ്യാർഥികൾ നേടണം. നിങ്ങൾ പഠന സാമഗ്രികൾ പഠിക്കണം എന്നാണ് ഞങ്ങളുടെ സ്കൂളിന്റെ ലക്ഷ്യം എന്നതിനാൽ 70%-ൽ കുറവാണ് നിങ്ങളുടെ സ്കോർ എങ്കിൽ കൂടുതൽ നന്നായി പഠിച്ച് പരീക്ഷ വീണ്ടും എഴുതാം. ചോദ്യങ്ങൾ ഓരോ തവണയും ക്രമബദ്ധമല്ലാതെ തെരഞ്ഞെടുക്കുന്നതിനാൽ നിങ്ങൾ ആദ്യം പരീക്ഷ എഴുതിയപ്പോഴത്തെ ചോദ്യങ്ങൾ ആവില്ല രണ്ടാമതു ലഭിക്കുക. അടുത്ത ഭാഗത്തേക്ക് മുന്നേറാനായി എത്ര തവണ വേണമെങ്കിലും പരീക്ഷ എഴുതാം, പക്ഷേ ആദ്യ തവണ തന്നെ നിങ്ങൾ നന്നായി പഠിച്ച് ജയിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, കാരണം നിങ്ങൾ എത്ര തവണ പരീക്ഷ ആവർത്തിച്ചെഴുതുന്നു എന്ന കാര്യം സിസ്റ്റം ഓർത്തു വയ്ക്കും. സമഗ്ര പരീക്ഷ വീണ്ടും എഴുതാൻ നിങ്ങൾക്ക് അവസരം ലഭിക്കില്ല എന്ന കാര്യം കൂടി ഓർക്കുക.

Q. 70% അല്ലെങ്കിൽ അതിലധികം മാർക്ക് വാങ്ങി വിജയിച്ച ഒരു പരീക്ഷ എനിക്ക് വീണ്ടും എഴുതാമോ?

ഇല്ല. 70% ഗ്രേഡോടു കൂടി ടെസ്റ്റ് വിജയിച്ചാൽ ആ ഗ്രേഡ് അന്തിമമായിരിക്കും.

Q. പരീക്ഷ മുഴുവൻ എനിക്ക് എങ്ങനെ വീണ്ടും എഴുതാം?

പഠന മെറ്റീരിയൽ പഠിക്കാൻ നിങ്ങളെ സഹായിക്കാനായി അഞ്ച് സെക്ഷൻ ടെസ്റ്റുകൾ വീണ്ടും എഴുതാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കും. എന്നാൽ 70%-ൽ കുറവ് മാർക്കു ലഭിച്ചാൽ സമഗ്ര പരീക്ഷ നിങ്ങൾക്ക് വീണ്ടും എഴുതാനാവില്ല. കോഴ്സിൽ നിന്ന് പഠിച്ച കാര്യങ്ങൾ നിങ്ങൾ എത്രത്തോളം നിലനിർത്തുന്നു എന്നതിന്റെ ശരിയായ അളവാണ് ഈ അന്തിമ പരീക്ഷ.

Q. ടെസ്റ്റ് നടക്കുന്ന സമയത്ത് കമ്പ്യൂട്ടറിനോ ഇന്റർനെറ്റിനോ എന്തെങ്കിലും പ്രശ്നമുണ്ടായാൽ എന്തു സംഭവിക്കും?

പ്രശ്നം പരിഹരിച്ച ശേഷം പരീക്ഷ പുനരാരംഭിക്കാം. ഇന്റർനെറ്റ് കണക്ഷൻ മുറിഞ്ഞു മുറിഞ്ഞാണെങ്കിൽ ഓഫ് ലൈനിൽ പരീക്ഷ എഴുതിയ ശേഷം കണക്ഷൻ തിരികെ എത്തിയ ശേഷം ഉത്തരങ്ങൾ സബ്മിറ്റ് ചെയ്യാം.

 


സാങ്കേതിക ചോദ്യങ്ങൾ

Q. ഈ വെബ്സൈറ്റ് ഉപയോഗിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ കമ്പ്യൂട്ടർ ആവശ്യകതകൾ എന്തെല്ലാം?

പ്രധാന ബ്രൌസറുകളുടെ (ഗൂഗിൾ ക്രോം, ഫയർഫോക്സ്, ഇന്റർനെറ്റ് എക്സ്പ്ലോറർ, ഓപ്പറ, സഫാരി‌) കുറഞ്ഞത് മൂന്ന് ഏറ്റവും പുതിയ വെർഷനുകളുമായി യോജിച്ചു പോകുന്ന രീതിയിലാ‍ണ് ഞങ്ങളുടെ വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. ഈ ബ്രൌസറുകളെ നിങ്ങളുടെ കമ്പ്യൂട്ടർ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ ഓൺലൈൻ സ്കൂളിൽ പ്രവേശിക്കാനും നിങ്ങൾക്ക് സാധിക്കും. ഈ സൈറ്റിന്റെ പബ്ലിക് പേജുകൾ കാണാനും സാമ്പിൾ കോഴ്സ് മെറ്റീരിയലുകൾ, ഡൌൺലോഡ് ചെയ്തു കാണാനും നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടറിലൂടെ ഓൺലൈൻ സ്കൂൾ ആക്സസ് ചെയ്യാം.

Q. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്ത സമയത്ത് എനിക്ക് പഠിക്കാൻ കഴിയുമോ?

ഫയലുകൾ ഡൌൺലോഡ് ചെയ്യാനും പരീക്ഷകൾ എഴുതാനും കോഴ്സിലൂടെ മുന്നോട്ടു പോകാനും നിങ്ങൾക്ക് ഒരു ഇന്റർനെറ്റ് കണക്ഷൻ വേണ്ടി വരും. പാഠങ്ങൾ വായിക്കാനും പരീക്ഷയ്ക്ക് ഒരുങ്ങാനുമായി ധാരാളം സമയം നിങ്ങൾക്ക് ചെലവഴിക്കേണ്ടി വരും എന്നതിനാൽ പാഠവും ഒരു പ്രത്യേക ഭാഗത്തിന്റെ പഠന ഗൈഡും ഡൌൺലോഡ് ചെയ്തു കഴിഞ്ഞാൽ ഓഫ് ലൈൻ ആയി നിങ്ങൾക്കത് പഠിക്കാം.

Q. ത്രൂ ദ് സ്ക്രിപ്ചേഴ്സ് പഠിക്കാൻ എനിക്ക് എന്റെ ടാബ്ലറ്റോ മൊബൈൽ സർവീസോ ഉപയോഗിക്കാമോ?

ആൻഡ്രോയിഡ്, iOS തുടങ്ങി പ്രധാന മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ കുറഞ്ഞത് മൂന്ന് വെർഷനുകളുമായെങ്കിലും ചേർന്നു പോകുന്ന തരത്തിലാണ് ഞങ്ങളുടെ വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. മാത്രമല്ല, പി ഡി എഫ് ഫയലുകൾ കാണാനായി പല ആപ്പുകളും ലഭ്യമാണ്, അവയിൽ മിക്കതും സൌജന്യവുമാണ്. നിങ്ങളുടെ സ്മാർട്ട് ഫോൺ അല്ലെങ്കിൽ ടാബ്ലെറ്റ് ഈ യോഗ്യതകൾ പാലിക്കുന്നുവെങ്കിൽ ഇത് ഈ ഓൺലൈൻ സ്കൂളിനായി ഉപയോഗിക്കാം. ഈ സൈറ്റിന്റെ പബ്ലിക് പേജുകൾ കാണാനും സാമ്പിൾ കോഴ്സ് മെറ്റീരിയലുകൾ, ഡൌൺലോഡ് ചെയ്തു കാണാനും നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ നിങ്ങളുടെ ഡിവൈസിലൂടെ ഓൺലൈൻ സ്കൂൾ ആക്സസ് ചെയ്യാം.

Q. എന്റെ അക്കൌണ്ടുമായി ബന്ധപ്പെട്ട പാസ്വേഡോ ഇമെയിൽ വിലാസമോ എനിക്ക് മാറ്റാൻ സാധിക്കുമോ?

നിങ്ങളുടെ ഇമെയിൽ വിലാസം അല്ലെങ്കിൽ പാസ്വേഡ് നിങ്ങൾക്ക് ഇവിടെ മാറ്റാം.

Q. എനിക്ക് പാഠം കാണാൻ കഴിയുന്നില്ല, അഥവാ അത് ശരിയായല്ല ഡിസ്പ്ലേ ചെയ്തിരിക്കുന്നത്. ഞാൻ എന്തു ചെയ്യണം?

ഡിജിറ്റൽ പാഠപുസ്തകങ്ങൾ പി ഡി എഫ് ഫോർമാറ്റിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ഈ ഫയലുകൾ തുറക്കാൻ നിങ്ങൾക്ക് ഒരു പി ഡി എഫ് റീഡർ വേണ്ടി വരും. പി ഡി എഫ് തുറക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലോ ഡിസ്പ്ലേ പിഴവുകൾ (ടെക്സ്റ്റ് മൂടി വെളുത്ത ബോക്സുകൾ‌) സംഭവിക്കുന്നുവെങ്കിലോ സൌജന്യ അഡോബ് റീഡറിന്റെ ഇപ്പോഴത്തെ വെർഷൻ ഇവിടെ നിന്ന് ഡൌൺലോഡ് ചെയ്യാം.

Q. ഈ വെബ് സൈറ്റ് ശരിയായി പ്രവർത്തിക്കുന്നില്ല. ഞാൻ എന്തു ചെയ്യണം?

ആദ്യമായി ഗൂഗിൾ ക്രോം, ഫയർഫോക്സ്, സഫാരി, ഓപ്പറ എന്നീ ബ്രൌസറുകളുടെ ഏറ്റവും പുതിയ വെർഷൻ ആണ് നിങ്ങൾ പ്രവർത്തിപ്പിക്കുന്നത് എന്നുറപ്പാക്കുക. പ്രശ്നം മാറുന്നില്ലെങ്കിൽ അത് ഞങ്ങളുടെ സപ്പോർട്ട് പേജിൽ റിപ്പോർട്ട് ചെയ്യുക. ഒരു പിഴവ് റിപ്പോർട്ട് ചെയ്യുമ്പോൾ അത് കൃത്യമായിരിക്കണം. നിങ്ങൾ ഉപയോഗിക്കുന്ന ബ്രൌസറിന്റെ വെർഷൻ, കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിങ് സിസ്റ്റം (വിൻഡോസ് 8 അല്ലെങ്കിൽ മാക് ഓ എസ് 10.10 യോസെമൈറ്റ്‌), പ്രശ്നം കാണിച്ച പേജിന്റെ വെബ് വിലാസം, പ്രശ്നത്തിന്റെ ഒരു വിവരണം, ഒപ്പം പ്രശ്നമുണ്ടാവാൻ നിങ്ങളുടെ ഭാഗത്തു നിന്ന് എന്തെങ്കിലും കാരണം ഉണ്ടായെങ്കിൽ അതും.

Q. എന്റെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടോ?

നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്നുറപ്പാക്കാൻ ഞങ്ങൾ എല്ലാ നടപടിയും സ്വീകരിക്കും. നിങ്ങളുടെ കമ്പ്യൂ‍ട്ടറിൽ നിന്ന് ഞങ്ങളുടെ വെബ്സൈറ്റിലേക്കുള്ള ഡാറ്റാ കണക്ഷൻ എൻക്രിപ്റ്റ് ചെയ്തതും എസ് എസ് എൽ സാങ്കേതികത മുഖേന സുരക്ഷിതമാക്കിയതുമാണ്. നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ ഞങ്ങളുടെ സെർവറിൽ സൂക്ഷിക്കില്ല, നിങ്ങളുടെ പേയ്മെന്റ് കൈകാര്യം ചെയ്യുന്നത് ഒരു വിശ്വസനീയവും വ്യവസായ നിലവാരമുള്ളതുമായ പേയ്മെന്റ് പ്രോസസർ ആയിരിക്കും.


സഹായ ചോദ്യങ്ങൾ

Q. ഞാൻ ആരംഭിച്ച ഒരു കോഴ്സ് എനിക്കെങ്ങനെ തുടരാനാവും?

നിങ്ങൾ ലോഗ് ഇൻ ചെയ്തിട്ടില്ലെങ്കിൽ ഈ വെബ് പേജിന്റെ മുകളിൽ വലതു വശത്തെ ലോഗ് ഇൻ ലിങ്ക് ഉപയോഗിച്ച് അപ്രകാരം ചെയ്യുക. ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ വെബ് പേജിനു മുകളിൽ വലതു വശത്തുള്ള മൈ അക്കൌണ്ടിൽ ക്ലിക്ക് ചെയ്യുക. മൈ അക്കൌണ്ടിൽ നിന്ന് കോഴ്സ് തുടരുക എന്നു പറയുന്ന ചുവന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇത് നിങ്ങളുടെ നിലവിലെ കോഴ്സിന്റെ ഒന്നാം പേജിലേക്ക് നിങ്ങളെ കൊണ്ടു പോകും. അവിടെ നിങ്ങൾ നിർത്തിയിടത്തു നിന്ന് നിങ്ങൾക്ക് വീണ്ടും തുടങ്ങാം.

Q. ഞാൻ ഇതിനകം പൂർത്തിയാക്കിയ ഒരു കോഴ്സ് എനിക്ക് വീണ്ടും ചെയ്യാമോ?

ഇല്ല. എന്നാലും മുൻപ് പഠിച്ച കാര്യങ്ങൾ വീണ്ടും ഓർക്കാനായി പാഠങ്ങൾ പിന്നെയും വായിക്കുന്നത് നല്ലതാണ്.

Q. പാഠത്തിന്റെ ഡിജിറ്റൽ കോപ്പി എനിക്ക് നഷ്ടമായി. മറ്റൊരു കോപ്പി ഡൌൺലോഡ് ചെയ്യാൻ കഴിയുമോ?

കോഴ്സിൽ പ്രവേശിച്ചിരിക്കുന്ന സമയത് മുഴുവൻ കോഴ്സ് മെറ്റീരിയലും നിങ്ങൾക്ക് പൂർണമായും ലഭ്യമാണ്. നിലവിലെ കോഴ്സിന്റെ ആരംഭം പേജിൽ നിന്ന് വീണ്ടും പാഠം ഡൌൺലോഡ് ചെയ്യാം. നിങ്ങൾ ഡൌൺലോഡ് ചെയ്ത ഫയലുകൾ കമ്പ്യൂട്ടറിലെ ഒരു സുരക്ഷിത സ്ഥലത്ത് സേവ് ചെയ്യുക. അവ ഓൺലൈനിൽ ലഭ്യമല്ലാതെ വരുമ്പോൾ ഇങ്ങനെ സേവ് ചെയ്ത കോപ്പികൾ ഉപകാരപ്പെടും. കമ്പ്യൂട്ടർ കേടായാൽ അവ നഷ്ടപ്പെടാതിരിക്കാൻ ബാക്കപ് കോപ്പികൾ എടുക്കുന്നതും നല്ലതാണ്.

Q. പാഠത്തിന്റെ ഡിജിറ്റൽ കോപ്പി എനിക്ക് നഷ്ടമായി. കോഴ്സ് ആക്സസ് കാലാവധി കഴിയുകയും ചെയ്തു. എങ്ങനെ മറ്റൊരു കോപ്പി ഡൌൺലോഡ് ചെയ്യാൻ എനിക്കു കഴിയും?

കോഴ്സ് കഴിഞ്ഞ ശേഷം മെറ്റീരിയൽ വീണ്ടും വേണമെങ്കിൽ ഒരു ചെറിയ ഫീസ് നൽകി അത് പുതുക്കുക എന്നതു മാത്രമാണ് വഴി. മൈ അക്കൌണ്ട് പേജിൽ നിന്ന് നിങ്ങൾക്ക് ഇതു ചെയ്യാം. ഇപ്പോൾ നിങ്ങൾ മറ്റൊരു കോഴ്സ് ചെയ്യുന്നുണ്ടെങ്കിൽ അത് തീർത്തിട്ടു വേണം പഴയത് പുതുക്കാൻ. കാരണം ഒരു സമയത്ത് ഒരു കോഴ്സിലേ പ്രവേശിക്കാനാവൂ. കോഴ്സ് പുതുക്കിയ ശേഷം ആ പേജുകൾ സന്ദർശിച്ച് നിങ്ങളുടെ പക്കലില്ലാത്ത ഫയലുകൾ ഡൌൺലോഡ് ചെയ്യാം.

Q. ഞാൻ എന്റെ പാസ്വേഡ് മറന്നു പോയി. എങ്ങനെ എന്റെ അക്കൌണ്ടിൽ തിരികെ പ്രവേശിക്കും?

നിങ്ങളുടെ പാസ്വേഡ് നിങ്ങൾക്ക് ഇവിടെ. റീസെറ്റ് ചെയ്യാം. നിങ്ങൾ ഇമെയിൽ വിലാസമോ യൂസർ നെയിമോ നൽകിക്കഴിഞ്ഞാൽ പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള ലിങ്ക് ഒരു ഇമെയിലിൽ നിങ്ങൾക്ക് ഞങ്ങൾ അയച്ചു തരും.

Q. ഞാൻ സൈനപ് ചെയ്തപ്പോൾ ഉപയോഗിച്ച ഇമെയിൽ അക്കൌണ്ട് എനിക്ക് ആക്സസ് ചെയ്യാൻ പറ്റുന്നില്ല. എനിക്ക് എന്റെ അക്കൌണ്ട് എങ്ങനെ തിരികെ കിട്ടും?

പഴയ ഇമെയിൽ വിലാസം നിങ്ങൾക്ക് ലഭ്യമല്ലെങ്കിലും നിങ്ങളുടെ പഴയ ഇമെയിൽ വിലാസം നൽകി നിങ്ങൾക്ക് വെബ്സൈറ്റിൽ ലോഗിൻ ചെയ്യാം. എന്നിട്ട് മൈ അക്കൌണ്ട് പേജിൽ നിന്ന് ഒരു പുതിയ ഇമെയിൽ വിലാസം നൽകി അക്കൌണ്ട് മാറ്റാൻ പാസ്വേഡും അക്കൌണ്ട് വിവരങ്ങളും എഡിറ്റ് ചെയ്യുക എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. അതിനു ശേഷം പുതിയ ഇമെയിൽ വിലാസം നൽകി നിങ്ങൾക്ക് വെബ്സൈറ്റിൽ ലോഗിൻ ചെയ്യാം.

Q. എനിക്ക് എന്റെ അക്കൌണ്ട് ആർക്കെങ്കിലും പങ്കുവയ്ക്കാനാവുമോ?

ഇല്ല. ഓരോരുത്തർക്കും സ്വന്തം അക്കൌണ്ട് വേണം.

Q. എനിക്ക് എന്റെ അക്കൌണ്ട് മറ്റൊരാൾക്ക് കൈമാറാനാവുമോ?

ഇല്ല. ഓരോരുത്തർക്കും സ്വന്തം അക്കൌണ്ട് വേണം.

Q. എനിക്ക് എവിടെ നിന്നാണ് സഹായം ലഭിക്കുക?

നിങ്ങളുടെ സംശയത്തിന് ഞങ്ങൾ ഇതിനകം ഉത്തരം നൽകിയിട്ടുണ്ട് എന്നുറപ്പാക്കാൻ ഈ എഫ് എ ക്യു പരിശോധിക്കുക. നിങ്ങൾ ഒരു പ്രാദേശിക ടി ടി എസ് സ്കൂളിന്റെയോ പഠന സംഘത്തിന്റെയോ ഭാഗമാണെങ്കിൽ ഗ്രൂപ്പിന്റെ ഡീനിനോടോ ഗ്രൂപ്പ് അംഗങ്ങളോടോ സഹായം ചോദിക്കാം. എന്നിട്ടും സഹാ‍യം വേണ്ടി വന്നാൽ ഞങ്ങളുടെ സപ്പോർട്ട് പേജിൽ ഞങ്ങളെ ബന്ധപ്പെടുക. ഞങ്ങൾക്ക് പ്രതികരിക്കാൻ കുറച്ചു ദിവസം ദയവായി അനുവദിക്കുക, വിശേഷിച്ചും ഇംഗ്ലീഷ് അല്ലാത്ത ഭാഷയിലാണ് നിങ്ങൾ എഴുതുന്നതെങ്കിൽ.